വേണം നമുക്ക് ശരിയായ ഒരു "ഉറപ്പ്"...
നാം യാത്രയിലാണ്. സുദീര്‍ഘമാണ് യാത്ര. ലക്ഷ്യത്തെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. വളയം നമ്മുടെ കൈകളിലാണു താനും . വഴിയില്‍ വെച്ച് ഒരാള്‍ വാഹനം നിറുത്തുവാന്‍ ആവശ്യപ്പെടുന്നു. വളരെ പരിചിതമായ മുഖം വാഹനത്തിനു അടുത്തേക്ക് വരുന്നു. നമുക്ക് മാത്രമല്ല പലര്‍ക്കും പരിചിതനാണ് അദ്ദേഹം. ഒരാളെയും ചതിക്കാത്ത, ഒരിക്കല്‍ പോലും കളവു പറഞ്ഞിട്ടില്ലാത്ത, അക്രമം നടത്തിയിട്ടില്ലാത്ത സല്സ്വഭാവിയായ മനുഷ്യന്‍്. നമ്മള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വഴിയെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്." കുറച്ചു നേരം നിങ്ങള്‍ക്ക് ആര്‍ത്തുല്ലസിച്ചു സഞ്ചരിക്കാം, മനോഹരമായ കാഴ്ചകള്‍ കണ്ടു രസിക്കാം. പക്ഷെ, അത് കഴിഞ്ഞാല്‍ നിങ്ങള്‍ വലിയൊരു ഭീകരമായ പ്രദേശത്തേക്ക് എത്തിപ്പെടും.. അവിടുന്ന് തിരിച്ചു വരാനാകാത്ത വിധം കുടുങ്ങി പോകുന്ന ഭയാനകരമായ സ്ഥലം.. ഹിംസ്ര ജന്ധുക്കള്‍ കടിച്ചു കീറാന്‍ നില്‍പ്പുണ്ട് അവിടെ..ഭീകര ഉരക വര്‍ഗങ്ങളുണ്ട് . ചിന്നം വിളിക്കുന്ന കാട്ടാനകള്‍ ഉണ്ട് . ജീവന് അപായപ്പെടുന്ന സര്‍വ്വ സാഹചര്യങ്ങളും ഉണ്ട്. അതി ഭീകരമായ ഗര്‍ത്തതിലേക്കാണ് അവസാനം ചെന്ന് പതിക്കുക. ആ ഗര്‍ത്തം തീ കൊണ്ട് നിറക്കപ്പെട്ടതാണ്... " എന്നിട്ട് അദ്ദേഹം തുടര്‍ന്നു ... അതിലേക്ക് പോകാതിരിക്കുവാനാണ് ഞാന്‍ നിങ്ങളോട് മുന്നറിയിപ്പ് നല്‍കുന്നത്... എന്റെ വാക്ക് അവഗണിച്ചു ഇതിലൂടെ പോയവരാരും തിരിച്ചു വന്നിട്ടില്ല... ഇത്രയും പറഞ്ഞ് അര്‍ത്ഥഗര്‍ഭമായ മൌനത്തിനു ശേഷം അദ്ദേഹം തിരിച്ചു പോയി.....
നാം ചിന്തയുടെ ആഴിയിലേക്കു ഇറങ്ങുന്നതിനു മുമ്പ് തന്നെ ഒരു തീരുമാനം എടുത്തു. വന്നവഴിയിലേക്ക് തിരിച്ചു പോകണമെന്നുള്ള കാര്യത്തില്‍ രണ്ടാലൊരു അവസരം കൊടുത്തില്ല. കാരണം, ഭൌതികമായ ഭയം നമ്മെ അപ്പോഴെക്കും ആവരണം ചെയ്തു കഴിഞ്ഞിരുന്നു... വീട്, കുടുംബം, കൂട്ടുകാര്‍, അയല്‍വാസികള്‍, സമൂഹം, സമ്പത്ത് .... അങ്ങനെ എല്ലാം മനസ്സില്‍ മിന്നി മറിഞ്ഞു... മുന്നറിയിപ്പ് നല്‍കിയ ആള്‍ വിശ്വസ്തന്‍ ആയതു കൊണ്ട് പറഞ്ഞ കാര്യത്തില്‍ പരിപൂര്‍ണ്ണ ഉറപ്പും നമുക്ക് കൈവന്നു... ശരീരത്തിന്റെ വേദനയെ താങ്ങാന്‍ കഴിയാത്തത് കൊണ്ട് സഞ്ചരിച്ച പാതകളുടെ ദൈര്‍ഘൃം മനസ്സിനെ തളര്‍ത്താതെ വന്ന വഴിയിലേക്ക് നാം വാഹനത്തിന്റെ വളയം പിടിച്ചു...
ഭൌതിക ജീവിതത്തില്‍ ആര്‍ക്കും സംഭവിക്കാവുന്ന ഒരു കാര്യം ആണ് ഇത്. ഈ വിഷയത്തില്‍ മുന്നരിയിപ്പുകാരന്റെ വാക്കിലുള്ള വിശ്വാസമാണ് നമ്മെ പ്രസ്തുത വഴിയില്‍ നിന്നും പിന്തിരിപ്പിച്ചത് എന്നുള്ളത് വ്യക്തം. ആ വിശ്വാസം നമ്മുടെ പോകാനുള്ള വഴിയെ വെറുക്കുന്നതാക്കി മാറ്റി.. ആ വിശ്വാസതില്‍ ഉറപ്പിന്റെ കനപ്പും കൂടി ചേര്‍ന്നപ്പോള്‍ നമ്മുടെ യാത്രയെ മാറ്റി മറിച്ചു...
എന്നാല്‍, ഭൌതിക ലോകത്തെ കാര്യങ്ങളിലുള്ള വിശ്വാസവും, ഉറപ്പും പരലോകത്തെ കുറിച്ച് കേള്‍ക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്. മേല്‍ ഉദാഹരിച്ച സംഭവം പോലെ തന്നെയാണ് മനുഷ്യന്റെ ജീവിതാവും. ഒന്നേകാല്‍ ലക്ഷത്തില്‍ പരം പ്രവാചകന്മാര്‍ സമൂഹത്തിലേക്ക് വന്നത് മുന്നരിയിപ്പുകരായിട്ടാണ്. ആളി കത്തുന്ന നരകത്തിലേക്കുള്ള യാത്രയില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കുകയും, നന്മയുടെ വഴിയിലേക്ക് ആനയിക്കുകയും ചെയ്യുക എന്ന അത്യുത്തമമായ ദൌത്യമാണ് അവര്‍ നിര്‍വഹിച്ചത്. സര്‍വ്വ പ്രവാചകരും സത്യസന്ധരും, സല്‍സ്വഭാവികളും ആയിരുന്നെന്ന കാര്യത്തില്‍ അവരുടെ ജീവിതം സാക്ഷിയാണ്. ചരിത്രം സാക്ഷിയാണ്. നിസ്തര്‍ക്കമായ വസ്തുതയുമാണത്. എന്നിട്ടും അവര്‍ പറഞ്ഞ വാക്കുകളിലെ യാഥാര്‍ത്ഥ്യം ഉള്‍കൊള്ളാന്‍ പലര്‍ക്കും സാധിക്കുന്നില്ല. പലരും പരിഹസിച്ചു, സ്വര്‍ഗ്ഗ - നരഗ - ഖബര്‍ യാഥാര്‍ത്ഥ്യത്തെ ആയിരത്തൊന്നു രാവിലെ കഥകളോട് ഉപമിച്ചു. ചിലര്‍ പഴന്പുരാണമെന്നു പറഞ്ഞ് തൃപ്തിയടഞ്ഞു. അനുഭവിച്ചവര്‍ തിരികെ വരാത്തത് അവരുടെ അമ്പുകള്‍ക്ക് മൂര്‍ച്ച കൂടി .
മറ്റു ചിലര്‍ പറഞ്ഞതെല്ലാം വിശ്വസിച്ചു. യാഥാര്‍ത്ഥ്യത്തെ എല്ലാം അംഗീകരിച്ചു. വാഹനത്തിന്റെ വളയം പിടിച്ചു ഒരുപാട് ദൂരം സഞ്ചരിച്ചത് കൊണ്ട് തിരികെ പോകാന്‍ കഴിയില്ലെന്നും പറഞ്ഞ് പ്രസ്തുത വഴിയിലൂടെ തന്നെ സഞ്ചരിച്ചു. (ഇപ്പോഴും സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു). അവര്‍ മുന്നരിയിപ്പുകാരനെ ധിക്കരിച്ചില്ലെങ്കിലും വാഹനം തിരിക്കാന്‍ തയ്യാറായില്ല. അഥവാ, അവരുടെ നിഘണ്ടുവിലെ പശ്ചാത്താപം എന്ന വാക്കിനെ അവര്‍ തന്നെ വെറുത്തിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ഭൌതിക സുഖലോലുപതയില്‍ മുങ്ങി കുളിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍, ഇവരാണ് ശരിയായ വിശ്വാസം കൈവരിച്ചിട്ടില്ലാത്ത "വിശ്വാസികള്‍""..്. മുസ്ലിം നാമധാരികളായി അറിയപ്പെടുന്ന പലരുടെയും സ്ഥിതി ഇപ്രകാരമാണ്. ഭൌതിക കാര്യങ്ങളിലുള്ള ഉറപ്പ് പോലെ പരലോക കാര്യങ്ങളില്‍ യഥാര്‍ത്ഥ ഉറപ്പ് വരുന്നില്ല. വീട്ടിലെ പൈപ്പ് തുറന്നാല്‍ വരുന്ന ചൂടു വള്ളത്തില്‍ കൈമുക്കാന്‍ മടിക്കുന്ന മനുഷ്യന്‍, ഒരു മിനുറ്റ് കത്തിയാളുന്ന തീയില്‍ ചെറു വിരല്‍ വെക്കാന്‍ ഭയക്കുന്ന മനുഷ്യന്‍ പരലോകത്തെ ചെറിയ ശിക്ഷ തീ കൊണ്ടുള്ള ചെരിപ്പ് ധരിപ്പിക്കലാനെന്നു അറിഞ്ഞിട്ടും ആ വഴിയില്‍ സഞ്ചരിക്കുന്നു. പൈശാചിക പ്രേരണയുടെ കൊടുങ്കാറ്റില്‍ ആടിഉലഞ്ഞ് ജീവിതം നഷ്ട്ടപ്പെടുത്തുന്നു.
ഭൌതിക ജീവിതത്തിലെ നൈമിഷിക സുഖത്തിനു വേണ്ടിയാണു നാം ശരീര വേദനയെ വെറുത്തത് എങ്കില്‍ നാളെയുടെ ശ്വാശ്വത ജീവിതത്തിനു വേണ്ടി താല്‍കാലിക സുഖത്തെ പുണരുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. പരലോകത്തെ കുറിച്ച് ശരിയായ ഉറപ്പുണ്ടെങ്കില്‍ നമ്മുടെ ജീവിതം സഹാബാക്കളുടെത് പോലെ ആയി മാറിയേനെ. ആകെ ഒരു മണിക്കൂര്‍ പോലും വേണ്ടാത്ത അഞ്ച് നേരത്തെ നമസ്കാരം ബാകി 23 മണിക്കൂര്‍ ജീവിതത്തില്‍ നമുക്ക് വെളിച്ചം ആയേനെ. സാമൂഹ്യ ജീവിത്തില്‍ നാം പുഷ്പം പോലെ ആകുകയും, അല്ലാഹുവെ ഭയപ്പെട്ടു കൊണ്ട് ഓരോ നിമിഷവും തള്ളി നീക്കുകയും, ഭൌതികതയെ വലിച്ചെറിഞ്ഞ് അഭൌതികതയെ പുല്‍കാനുള്ള ആര്‍ത്തി കൈവരിക്കുകയും ചെയ്തേനെ.
ആയതിനാല്‍, മരണം, ഖബര്‍ ശിക്ഷ, വിചാരണ, മീസാന്‍, സ്വിറാത്ത് പാലം, മഹ്ശറ വന്‍സഭ, നരകം, സ്വര്‍ഗം എന്നീ കാര്യങ്ങളില്‍ കേവല വിശ്വാസത്തിനേക്കാളുമപ്പുറത്ത് പരിപൂര്‍ണ്ണ ഉറപ്പ് നാം കൈവരിക്കേണ്ടതുണ്ട്. അത് മൂലം ഭയപ്പാടിന്റെ അടിവേരുകള്‍ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി മാറ്റത്തിന്റെ പടപ്പാട്ട് പാടുവാനും, വിചാര വിപ്ലവത്തിന്റെ വേലിയേറ്റം സൃഷ്ടിക്കുവാനും സാധിക്കുന്ന സാഹചര്യത്തിലേക്ക് ഉണരാന്‍ നമുക്ക് സാധിക്കും. അങ്ങനെ പശ്ചാത്താപ ബോധത്തിന്റെ കുളിര്‍ക്കാറ്റ് വീശുന്ന ഉറപ്പുള്ള ഹൃദയവുമായി നാഥനിലേക്ക് അലിഞ്ഞു ചേരാന്‍ നമുക്ക് അള്ളാഹു തൌഫീക്ക് ചെയ്യുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ .....
മുഹമ്മദ് ഹാരിസ് അറക്കല്‍
No comments:
Post a Comment