റമളാന്‍ സമാഗതമായി..... വിശ്വാസിയുടെ മനസ്സ് ആവേശഭരിതം...
വിശുദ്ധ ദിന രാത്രങ്ങള്‍ക്ക് ചാരുത പകരുവാന്‍ വിശ്വാസി ഒരുങ്ങുകയാണ്. 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് മരുഭൂമിയിലെ മരുപ്പച്ച പോലെ, കൂരാകൂരിരുട്ടിലെ മിന്നാമിനുങ്ങിന്‍ നുറുങ്ങു വെട്ടം പോലെ സമൂഹത്തിന്റെ ഹൃദയങ്ങളിലേക്ക് പകര്‍ന്നു നല്‍കപ്പെട്ട വിശ്വാസത്തിന്‍ തെന്നല്‍ ആസ്വദിക്കുവാനുള്ള ഭാഗ്യം ഒരിക്കല്‍ കൂടി ലഭിച്ചിരിക്കുകയാണ്.
അധാര്‍മികതയുടെ കൂലം കുത്തിയുള്ള ഒഴുക്കില്‍ പ്രധിരോധതിന്റെ മാമതിലുകള്‍ പടുതുയര്തുവാനുള്ള ആവേശമാണ് ഒരു വിശ്വാസിയുടെ നോമ്പ് കൊണ്ട് ലക്ഷ്യമിടെണ്ടത്. ശരീരത്തിന്റെ ഇച്ഛകളെ തുടച്ചു നീക്കി വിശ്വാസത്തിന്റെ ഇച്ഛകളെ പുല്കുവാനുള്ള അസുലഭമായ അവസരം കൈവന്നിരികുകയാണ്. കണ്ണിനെ, നാവിനെ, ചെവിയെ.... മറ്റു അവയവങ്ങളെ നിയന്ത്രിക്കുവാനുള്ള പരിച വിശ്വാസത്തിന്റെ അടിവേരിനെ ദൃഢപ്പെടുത്തുന്നതാണ്.
ലാഭവും, ആദായവും എന്ന ആന്തരിക ശക്തി ആണ് നമ്മുടെ ഭൌതിക ജീവിതത്തെ നയിക്കുന്നത്. ആ ലക്ഷ്യത്തിനു വേണ്ടി ത്യാഗം സഹിക്കാന്‍ തയ്യാറാണ് നമ്മള്‍......... .പ്രസ്തുത ശക്തി മനുഷ്യനെ വഴി നടത്തുമ്പോള്‍... ..ഭൌതിക സുഖ സൌകര്യങ്ങളെ അവന്‍ പ്രണയിക്കുന്നു. ശൈത്യ കാലത്ത് പാടത്തേക്ക് ചാടി പുറപ്പെടാന്‍ മരം കോച്ചും തണുപ്പത്തും കര്‍ഷകനെ തയ്യാറാക്കുന്നതിന്റെ പിന്നിലുള്ള പ്രേരകവും ഇത് തന്നെ. മുതലാളിയുടെ ആട്ടും, തുപ്പും സഹിച്ചാലും, മുതലാളിയുടെ ബൂട്ടിനടിയില്‍ കിടന്നു ഞെരിഞ്ഞമാര്‍ന്നാലും ശരീര വേദനയെക്കാള്‍ ഹൃദയ വേദന തോന്നാത്തതിന്റെ പിന്നിലും, നാലായിരം കാതങ്ങള്‍ക്കപ്പുറത്തുള്ള അമ്മിഞ്ഞ പ്പലിന്റെ മധുരം വൈദ്യുത തരംഗം പോലെ നമ്മിലേക്ക് പ്രവഹിപ്പിച്ച സ്നേഹത്തിന്റെ നിറകുടമായ മാതാവിനെയും, ജീവിതത്തിന്റെ ഒരു നിമിഷം പോലും വിട്ടുകളയാതെ കുടുംബത്തെ ഓര്‍ത്ത് ചോരനീരാക്കി അദ്വാനിക്കുന്ന പിതാവിനെയും, രഹസ്യ പരസ്യ ജീവിതങ്ങളുടെ മറകള്‍ നീക്കാന്‍ കൂട്ടുകൂടിയ പ്രിയതമയെയും, കൂട്ടുകാരെയും, അയല്‍ക്കാരെയും, സമൂഹത്തെയും ഉപേക്ഷിച്ചു പ്രവാസിയായി പ്രയാസപ്പെടുന്നവന്റെ ഊര്‍ജത്തിന്റെ പിന്നിലും "ലാഭം , ആദായം " എന്ന ശക്തി ഉണ്ട്. അതും പ്രതീക്ഷിച്, ആഗ്രഹിച്ച് അവന്‍ മുന്നേറുന്നു.
എന്നാല്‍., ഇതിനെക്കാള്‍ വലിയ ലാഭവും, ആദായവും ആണ് ഒരു വിശ്വാസിയെ സന്തോഷിപ്പിക്കുന്നത്. അത് ശ്വാശ്വതമാണ്. അനിര്‍വചനീയമാണ്. അത് ഒന്നേകാല്‍ ലക്ഷത്തില്‍ പരം പ്രവാചകന്മാര്‍ അറിയിച്ചു തന്നതാണ്. അത് ഉറപ്പാനെന്നുള്ളത്തിനു ഖുര്‍ആന്‍ തെളിവാണ്. പ്രപഞ്ചം തെളിവാണ്. ഈ കാര്യത്തില്‍ ഉറപ്പ് വരുമ്പോള്‍ മാത്രമാണ് ഒരാള്‍ പരിപൂര്‍ണ്ണ വിശ്വാസി ആയി മാറുന്നത്. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ചാലും, വിചാര, വികാരങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇട്ടാലും, ബുദ്ധിമുട്ട് ഏറെ സഹിക്കേണ്ടി വന്നാലും പരലോകത്ത് ശരിയായ നോമ്പ് കാരന് ലഭിക്കുന്ന പ്രതിഫലത്തിന്റെ മുന്നില്‍ അതെല്ലാം മുട്ട് കുത്തുന്നു.ഈ ലാഭത്തിന്റെ മുന്നില്‍ കണ്മുന്നില്‍ കാണുന്ന ഭൌതിക ലാഭം എത്ര തുച്ഛമാണ്. എന്നിട്ടും അത് മനസ്സിലാക്കാന്‍ നാം ഏറെ വൈകുന്നു.
ഈമാന്‍ (വിശ്വാസം ), ഇഹ്തിസാബ് (പ്രതിഫകാംക്ഷ ) ഇവ രണ്ടും ഇല്ലാത്ത നോമ്പ് വൃഥാവിലാണ്. നോമ്പിന്റെ സ്വീകാര്യതയുടെ താക്കോലാണ് ഇവ രണ്ടും. ഭൌതിക സ്ഥാപനത്തില്‍ പണിയെടുക്കുമ്പോള്‍ മുതലാളിയുടെ പക്കല്‍ നിന്നുള പ്രതിഫലകാംക്ഷ യാണ് പലരെയും വഴി നടത്തുന്നതെങ്കില്‍ നോമ്പിന്റെ മനോഹരിതയില്‍ അലിഞ്ഞു ചേരുന്ന വിശ്വാസിയെ ആനന്ദിപ്പിക്കേണ്ടത് അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലമാണ്. രയ്യാന്‍ എന്ന കവാടതിലൂടെയുള്ള സ്വര്‍ഗ്ഗ പ്രവേശനമാണ്. റബ്ബിനെ കണ്ടുമുട്ടുമ്പോഴുള്ള അനിര്‍വചനീയമായ വികാര തീവ്രതയാണ് . ഇതാണ് ഇഹ്തിസാബ് . പ്രതിഫലം നല്കാമെന്നുള്ള വാഗ്ദാനത്തിലുള്ള ഉറപ്പാണ് ഈമാന്‍ അഥവാ വിശ്വാസം കൊണ്ടുള്ള വിവക്ഷ. ഇവിടെയുള്ള ബുദ്ധിമുട്ട് താല്‍കാലികമാനെന്നും, ഇതിനെല്ലാം എനിക്ക് പരലോകത്ത് നിന്ന് അര്ഹമായത് ലഭിക്കുമെന്നുള്ള കാര്യത്തില്‍ പരിപൂര്‍ണ്ണ ഉറപ്പ് കൈവരിക്കലാണ് പ്രസ്തുത വിശ്വാസം. ഇവ രണ്ടും ഒരു നോമ്പ്കാരന്റെ മനസ്സില്‍ വെളിച്ചം വീശുന്നതായി മാറുകയും, അതിലൂടെ തഖ്‌വ യുടെ ഔന്നത്യങ്ങളില്‍ വിരാജിക്കാന്‍ സാധിക്കുകയും ചെയ്താല്‍ നമ്മുടെ നോമ്പിന്റെ അനുരണങ്ങള്‍ പരലോകത്ത് പ്രതിഫലിക്കും....
നാഥന്‍ തുണക്കട്ടെ........ അണയാത്ത വിശ്വാസവും, പതറാത്ത ആത്മീയ ഹര്ഷവുമായി, മുഹമ്മദ് നബി(സ) യുടെ ജീവിത മാ തൃക പിന്‍പറ്റി റമദാനിലെ ദിന രാത്രങ്ങള്‍ കഴിച്ചു കൂട്ടുവാന്‍ നമുക്ക് അള്ളാഹു തൌഫീക്ക് നല്‍കുമാറാകാട്ടെ.....
(നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഈയുള്ളവനെയും, കുടുംബത്തെയും ഉള്പ്പടുത്തണമെന്ന് ഓര്‍മിപ്പിക്കുന്നു ..............
മുഹമ്മദ് ഹാരിസ് അറക്കല്‍,
(എടമുട്ടം-തൃശൂര്‍ ) )
No comments:
Post a Comment